ചെന്നൈ വെള്ളത്തിൽ, ഇൻസ്റ്റയിൽ ഖുശ്ബുവിൻ്റെ സെൽഫി പ്രളയം; സോഷ്യൽ മീഡിയയിൽ നടിക്കെതിരെ രൂക്ഷ വിമർശനം
ചെന്നൈ വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ ഇൻസ്റ്റഗ്രാമിൽ സ്വന്തം ഫോട്ടോകൾ പോസ്റ്റ് ചെയ്ത് രസിക്കുകയാണെന്ന് നടി ഖുശ്ബുവിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സ്വന്തം ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിലിട്ട് രസിക്കുകയല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്നാണ് നടിക്കെതിരെ ഉയരുന്ന ആരോപണം. ചെന്നൈ നഗരത്തിലെ രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങളിലൊന്നും താരം ഒരു പങ്കും വഹിച്ചില്ല.
ആരോപണത്തോട് നടി പ്രതികരിച്ചിട്ടുണ്ട്. താൻ ഒന്നും ചെയ്യുന്നില്ല എന്ന് നിങ്ങൾ എങ്ങനെ നിശ്ചയിച്ചെന്ന് മറുപടി കമൻ്റിൽ താരം ചോദിക്കുന്നു. ദുരിതത്തിലായവരെ സഹായിക്കാൻ തൻ്റെ സാന്നിധ്യം വേണമെന്നില്ല, മനസ്സു മതി. തനിക്കാവുന്നതെല്ലാം താൻ ചെയ്യുന്നുണ്ട്. വിമർശകയുടെ സെൻസിബിലിറ്റിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം. സ്വന്തം പ്രവൃത്തികളെപ്പറ്റി താൻ കൊട്ടിഘോഷിക്കാറില്ല. സാന്നിധ്യം ആവശ്യമുള്ള ഇടങ്ങളിൽ എത്തിച്ചേരാറുണ്ട്. വിമർശക ഉദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയക്കാരിയല്ല താനെന്നും നിരാശപ്പെടുത്തിയതിൽ ഖേദമുണ്ടെന്നും താരം പറയുന്നു. വെറുതേയിരുന്ന് പോസ്റ്റുകൾക്ക് കമൻ്റടിക്കുകയല്ലാതെ സ്വന്തം നിലയിൽ എന്ത് ചെയ്തെന്ന് ചിന്തിച്ചു നോക്കണം എന്ന വാക്കുകളോടെയാണ് ഖുശ്ബുവിൻ്റെ പ്രതികരണം അവസാനിക്കുന്നത്. എന്തായാലും, ഒരു രാഷ്ട്രീയ പ്രവർത്തകയായിട്ടും നടിയുടെ സോഷ്യൽ മീഡിയാ പോസ്റ്റിലൊന്നും ചെന്നൈ നഗരത്തിന് വിവരണാതീതമായ ദുരിതം സമ്മാനിച്ച പ്രളയം കടന്നുവന്നതേയില്ല എന്നത് ശ്രദ്ധേയമാണ്.