മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല, 'വയറ്റത്തടിക്കുന്നതിന് തുല്യം'; വ്യാജവാർത്തയ്ക്കെതിരെ മാലാ പാർവതി
സോഷ്യൽ മീഡിയയിൽ നിരവധി സെലിബ്രിറ്റികളാണ് മരിച്ചു എന്ന വ്യാജ വാർത്തകൾക്ക് ഇരയാകാറുള്ളത്. അതുകൊണ്ട്തന്നെ പലപ്പോഴും താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അവർക്ക് രംഗത്തുവരേണ്ടതായി വരും. ഇപ്പോൾ താൻ മരിച്ചെന്ന തരത്തിൽ ചില ഓൺലൈൻ സൈറ്റുകളിൽ വന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാർവതി. ഇത്തരത്തിലുള്ള വാർത്തകൾ തന്റെ അവസരം ഇല്ലാതാക്കുകയാണെന്ന് മാല പാർവതി വ്യക്തമാക്കി.
വിവിധ ഓൺലൈൻ സൈറ്റുകളിലാണ് മാലാ പാർവതി മരിച്ചതായി വാർത്തകൾ വന്നിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഹൈദരാബാദിൽ നിന്നുള്ള കാസ്റ്റിങ് ഏജന്റാണ് താരത്തിന് അയച്ചുകൊടുത്തത്. അന്യ ഭാഷകളിൽ നിന്നുള്ളവർ താൻ മരിച്ചു എന്നുള്ള വാർത്ത വിശ്വസിച്ചിരിക്കുകയാണെന്നും അതിനാൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്നും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത് അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും താരം കുറിക്കുന്നു.
'മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി!'- മാല പാർവതി കുറിച്ചു.
മലയാളത്തിൽ മാത്രമല്ല ഇപ്പോൾ തമിഴിലും തെലുങ്കിലും ശ്രദ്ധേയയാണ് മാല പാർവതി. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വിഷ്ണു വിശാലിന്റെ അമ്മയുടെ വേഷത്തിലായിരുന്നു മാല പാർവതി എത്തിയത്.