നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതിത നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ ഇടപഗം അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന അതിജീവിതിതയുടെ ഹർജി ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ അതിജീവിതയ്ക്കെതിരെ കോടതി ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചതെന്നായിരുന്നു ചോദ്യം. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികളിൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വാദം കേൾക്കുന്നത്.