''ഇനി രണ്ടാളും കെട്ടിപ്പിടിച്ച് ഉമ്മവെച്ചേ", അമ്മയ്ക്കും അച്ഛനും ക്യാമറയിലൂടെ നിർദേശങ്ങൾ നൽകി കൺമണിക്കുട്ടി
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞുതാരമാണ് നടി മുക്തയുടെ മകൾ കിയാര. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദര പുത്രി എന്ന നിലയിലും കിയാര റിങ്കു ടോമി നെറ്റിസൺസിനിടയിൽ പ്രശസ്തയാണ്. കൺമണി എന്ന ചെല്ലപ്പേരിലാണ് കുഞ്ഞുകിയാര സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. മുക്തയുടെയും റിമി ടോമിയുടെയും സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയും യുട്യൂബ് ചാനലിലൂടെയും അഞ്ചുവയസ്സുകാരി കിയാരയുടെ കിന്നാരവും കുസൃതികളും അഭിനയവുമെല്ലാം മലയാളികൾ ആസ്വദിക്കാറുണ്ട്.
ഇപ്പോൾ അച്ഛൻ്റെയും അമ്മയുടെയും ഫോട്ടോകളെടുത്ത് ക്യാമറാ കിഡ് ആയി തിളങ്ങുകയാണ് ഈ മിടുക്കി പെൺകുട്ടി. റിങ്കു ടോമിയുടെ ജന്മദിനത്തിലാണ് ഫോട്ടോഷൂട്ട് അരങ്ങേറുന്നത്. മകളുടെ നിർദേശങ്ങൾക്കനുസരിച്ച് മുക്തയും റിങ്കുവും ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുന്ന മനോഹരമായ വീഡിയോ മുക്ത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തത്. ക്യാമറ കണ്ണിലൂടെ നോക്കി "ഇനി അമ്മ അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചേ" എന്നും "അച്ഛൻ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചേ" എന്നുമൊക്കെ നിർദേശിക്കുമ്പോൾ ഇരുവരും അതേപടി അനുസരിക്കുന്നു. മകളെടുത്ത മനോഹരമായ ചിത്രങ്ങൾ കൂടി എഡിറ്റ് ചെയ്ത് ചേർത്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തേ, അഭിനയ രംഗത്തേക്കും ചുവടുവെയ്ക്കുന്ന കിയാരയെപ്പറ്റി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ പത്മകുമാറിൻ്റെ 'പത്താം വളവ് ' എന്ന ചിത്രത്തിലൂടെയാണ് കൺമണി കിയാര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.