ഞാൻ യുക്രൈനിൽ അല്ല, കൊച്ചിയിലുണ്ട്'; വ്യാജ വാർത്തയ്ക്കെതിരെ പ്രിയ മോഹൻ

യുക്രൈനിൽ കുടുങ്ങിപ്പോയി എന്ന് ചില ഓൺലൈൻ സൈറ്റുകളിൽ വന്ന വാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി പ്രിയ മോഹൻ. ഇതിനെതിരെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താൻ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയല്ലെന്നും കൊച്ചിയിൽ സുരക്ഷിതമായുണ്ട് എന്നുമാണ് താരം വ്യക്തമാക്കിയത്.

കുറച്ചു മാസങ്ങൾക്കു മുൻപാണ് പ്രിയ മോഹനും കുടുംബവും യുക്രൈൻ സന്ദർശിച്ചത്. റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രൈന് പിന്തുണ അറിയിച്ചുകൊണ്ട് താരം പഴയ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിരുന്നു. ഇതാണ് തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.

'സഹിക്കാൻ പറ്റുന്നില്ല, വെടിയൊച്ചകളും കണ്ണുനനയിക്കുന്ന വിഡിയോയുമായി പ്രിയ മോഹൻ' എന്ന കുറിപ്പിലാണ് വ്യാജവാർത്ത എത്തിയിരിക്കുന്നത്. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും വ്യാജ വാര്‍ത്തകളുടെ സ്‍ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് പ്രിയയും താരത്തിന്റെ ഭർത്താവും നടനുമായ നിഹാലും. തങ്ങളുടെ യാത്രാ വിശേഷങ്ങളും കുടുംബത്തിലെ വിശേഷങ്ങളുമെല്ലാം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോ​ദരിയാണ് പ്രിയ.

Related Posts