ജീവിതത്തിൽ ആശ കേളുണ്ണി; സിനിമയിൽ രണ്ടാം തവണയും ആശ എന്ന കഥാപാത്രമായി നടി രേവതി

സ്വന്തം പേരിൽ അറിയപ്പെടാത്ത ഒട്ടേറെ നടീനടന്മാരുണ്ട് മലയാളത്തിൽ. നിത്യഹരിത നായകൻ പ്രേം നസീറും മെഗാസ്റ്റാർ മമ്മൂട്ടിയും മുതൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വരെ ആ പട്ടികയിലുണ്ട്. അവരിൽ ഒരാളാണ് പ്രശസ്ത തെന്നിന്ത്യൻ അഭിനേത്രിയും സംവിധായകയുമായ രേവതി.
ആശാ കേളുണ്ണി എന്ന കൊച്ചിക്കാരിയാണ് രേവതി എന്ന ഭാഗ്യനായികയായി വെള്ളിത്തിരയിൽ വിജയക്കൊടി പാറിച്ചത്. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ രേവതി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ ഫിലിം ഫെയർ അവാർഡും മൂന്ന് തവണ ദേശീയ പുരസ്കാരവും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡുകളും ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ രേവതിയെ തേടിയെത്തിയിട്ടുണ്ട്.
തെലുഗ്, തമിഴ്, മലയാളം ഭാഷകളിലെല്ലാം മികച്ച അഭിനേത്രിക്കുള്ള അംഗീകാരം രേവതി നേടിയിട്ടുണ്ട്. ഫിർ മിലേംഗെ, മിത്ര് എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായിക എന്ന നിലയിലും അവർ അംഗീകാരം നേടി. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, കിലുക്കം, തേവർ മകൻ, ദേവാസുരം, കിഴക്കു വാസൽ, മായാമയൂരം തുടങ്ങിയ ചിത്രങ്ങളിൽ രേവതി അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്. പ്രശസ്തയായ ഭരതനാട്യം നർത്തകി കൂടിയാണ് രേവതി.
മലയാളത്തിൽ നടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭൂതകാലം. രാഹുൽ സദാശിവൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. അൻവർ റഷീദും ഷെയ്ൻ നിഗവും അവതരിപ്പിക്കുന്ന ചിത്രത്തിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. രണ്ടാം തവണയാണ് മലയാളത്തിൽ താൻ ആഷ എന്ന പേരിലുള്ള കഥാപാത്രം ചെയ്യുന്നതെന്ന് നടി പറഞ്ഞു. ആദ്യ ചിത്രമായ കാറ്റത്തെ കിളിക്കൂടിൽ ആശ തമ്പി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഭൂതകാലത്തിലും തൻ്റെ പേര് ആശ എന്നാണ്. രേവതി ആശ എന്ന പേരിലാണ് താരത്തിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളത്.