നടി വീണ കപൂർ കൊല്ലപ്പെട്ടെന്നത് വ്യാജവാർത്ത; നടപടി ആവശ്യപ്പെട്ട് നടിയും മകനും

മുംബൈ: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 74 കാരിയായ നടി വീണ കപൂർ ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈ പൊലീസിൽ പരാതി നൽകി. തന്‍റെ പേരിനോട് സാദൃശ്യമുള്ള മറ്റൊരാളാണ് ഇരയെന്നും വീണ കപൂർ പരാതിയിൽ പറയുന്നു. വ്യാജ മരണ വാർത്തക്കെതിരെ രംഗത്തെത്തിയ വീണ കപൂറിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. "ഇത് വ്യാജ വാർത്തയാണ്. വീണ കപൂർ എന്നൊരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ഞാൻ ആ വീണ കപൂറല്ല. ഞാൻ താമസിക്കുന്നത് ഗോർഗാവിലാണ്, ജുഹുവിലല്ല. ഞാൻ എന്‍റെ മകനോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് താനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്," വീണ കപൂർ പറഞ്ഞു. താൻ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഇത് തെറ്റായ വാർത്തയാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും മകൻ തന്നെ കൊന്നു എന്ന വാർത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.

Related Posts