പേരിടാത്ത പുതിയ ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതെന്ന് നടി വിദ്യാബാലൻ
ദേശീയ അവാർഡ് ജേതാവും പത്മശ്രീ ജേതാവുമായ പ്രശസ്ത അഭിനേത്രി വിദ്യാബാലൻ തൻ്റെ പുതിയ ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചു. ആധുനിക കാലത്തെ മനുഷ്യബന്ധങ്ങളെ കുറിച്ചാണ് പുതിയ ചിത്രം പറയുന്നത്. ഇതേവരെ പേരിടാത്ത പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കാണുന്നത്. ഏവർക്കും സ്വന്തം കഥയായോ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളുടെ കഥയായോ അനുഭവപ്പെടുന്ന തരത്തിലാണ് ചിത്രത്തിൻ്റെ കഥ പറച്ചിൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കാനും കരയിക്കാനും കഴിയുന്ന രീതിയിലാണ് അവതരണം. അപ്ലോസ് എൻ്റർടെയ്ൻമെൻ്റും എലിപ്സിസ് എൻ്റർടെയ്ൻമെൻ്റും ഒന്നിച്ചാണ് ചിത്രം നിർമിക്കുന്നത്. കാവ്യ എന്നാണ് താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേരെന്നും നടി വെളിപ്പെടുത്തി.
റൊമാൻ്റിക് കോമഡി ഡ്രാമ ഴോണറിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യചിത്ര സംവിധായകനായ ഷിർഷ ഗുഹ തക്കുർത്തയാണ്. മുംബൈയിലും ഊട്ടിയിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. ഇന്ത്യൻ അമേരിക്കൻ അഭിനേതാവ് ശെന്തിൽ രാമമൂർത്തി പത്തുവർഷത്തിനുശേഷം ബോളിവുഡിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹീറോസ്, ബ്യൂട്ടി ആൻ്റ് ദി ബീസ്റ്റ്, കവർട്ട് അഫയേഴ്സ്, നെവർ ഹാവ് ഐ എവർ തുടങ്ങിയ അമേരിക്കൻ ഷോകളിലൂടെ ശ്രദ്ധേയനാണ് ശെന്തിൽ രാമമൂർത്തി.
ഇല്യാന ഡിക്രൂസ്, പ്രതിക് ഗാന്ധി എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷെർനി എന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ ഒടുവിലായി അഭിനയിച്ചത്. ഹർഷദ് മേഹ്തയുടെ സ്കാം 1992-വിലൂടെ പേരെടുത്ത നടനാണ് പ്രതിക് ഗാന്ധി. ദി ബിഗ് ബുൾ ആണ് ഇല്യാന ഒടുവിലായി അഭിനയിച്ച ചിത്രം.