വിഴിഞ്ഞത്ത് സമരക്കാരെ തടയാൻ കേന്ദ്ര സേനയെ വിന്യസിക്കണം ; അദാനി ഹൈക്കോടതിയില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തുറമുഖ നിർമ്മാണത്തിനുള്ള കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്. പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം പത്താം ദിവസം പിന്നിടുമ്പോഴാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തുറമുഖത്തിനെതിരായ പ്രതിഷേധക്കാർ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും പദ്ധതി പ്രദേശത്തെ നിരവധി വസ്തുക്കൾ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് അദാനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ തടയാൻ പൊലീസ് തയ്യാറായില്ലെന്ന് ഹർജിയിൽ പറയുന്നു.