അദാനി വിവാദം; പ്രതിപക്ഷം ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഡൽഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കൾ മാർച്ച് അവസാനിപ്പിച്ചു. നേതാക്കൾ ഇഡി ഓഫീസിലേക്ക് കടന്നു പോകാതിരിക്കാൻ ഡൽഹി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൻ പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ പ്രതിപക്ഷ നേതാക്കൾ മാർച്ച് അവസാനിപ്പിച്ച് പാർലമെന്‍റിലേക്ക് മടങ്ങുകയായിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്‍റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) മാർച്ചിൽ നിന്ന് വിട്ടു നിന്നു. ഇ.ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നും സംയുക്ത പരാതി കത്ത് ഉടൻ പുറത്തുവിടുമെന്നും നേതാക്കൾ അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ പറഞ്ഞത്. "അവർ ഞങ്ങളുടെ മാർച്ച് തടഞ്ഞു, ഞങ്ങൾ 200 പേരുണ്ട്. അവിടെ 2000 പൊലീസുകാരുണ്ട്. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് അവർ ആഗ്രഹിക്കുന്നത്. എന്നിട്ടും അവർ ജനാതിപത്യത്തെ കുറിച്ച് സംസാരിക്കുന്നു" പൊലീസ് മാർച്ച് തടഞ്ഞതിന് പിന്നാലെ കോൺഗ്രസ് ദേശീയാധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സംവാദത്തിലോ സെമിനാറിലോ ആരെങ്കിലും അദാനി വിഷയം ഉന്നയിച്ചാൽ അവരെ ദേശവിരുദ്ധരായി മുദ്ര കുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Related Posts