ഹിൻഡൻബർഗ് റിസർച്ച്; 413 പേജുള്ള മറുപടി നൽകി അദാനി ഗ്രൂപ്പ്

മുംബൈ: ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. 413 പേജുള്ള മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഹിൻഡൻബർഗിന്‍റെ 88 ചോദ്യങ്ങളിൽ 68 എണ്ണത്തിനും അതത് കമ്പനികൾ അവരുടെ വാർഷിക റിപ്പോർട്ടുകളിൽ ഉത്തരം നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 20 ചോദ്യങ്ങളിൽ 16 എണ്ണം ഓഹരി ഉടമകളുടെ വരുമാനത്തെക്കുറിച്ചും 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നും ഉത്തരം നൽകി. കോടതി തീർപ്പാക്കിയ കേസുകൾ പോലും പുതിയ ആരോപണമായി ഉന്നയിച്ചിട്ടുണ്ട്. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താൻ അനുവദിക്കുന്ന നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് വിപണി വീണ്ടും ആരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്‍റെ ഈ നീക്കം. അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടിന്‍റെ അവസാനം ഹിൻഡൻബർഗ് 88 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അദാനി ഗ്രൂപ്പ് ഈ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ് പത്രക്കുറിപ്പ് ഇറക്കിയപ്പോൾ, ഒരു ചോദ്യത്തിന് പോലും ഉത്തരം ലഭിച്ചില്ലെന്ന വസ്തുതയും ഹിൻഡൻബർഗ് ആയുധമാക്കിയിരുന്നു. നിയമനടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്തുകൊണ്ടാണ് അദാനി ഗ്രൂപ്പ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതെന്നും ഹിൻഡൻബർഗ് ചോദിച്ചിരുന്നു.

Related Posts