വിമാന സർവീസ് കമ്പനിയായ എയർ വർക്ക്സിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
വിമാനങ്ങളുടെ സര്‍വീസും റിപെയറും നടത്തുന്ന എയർ വർക്ക്സിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് എയർ വർക്ക്സ്. ഏകദേശം 400 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് എയർവർക്സ്. അദാനി ഡിഫന്‍സ് ആന്‍ഡ് ഏയ്‌റോസ്‌പേസിന് കീഴിലാണ് ഏറ്റെടുക്കൽ. 1951-ൽ പി.എസ്.മേനോനും ബിജി മേനോനും ചേർന്നാണ് എയർ വർക്ക്സ് സ്ഥാപിച്ചത്. മുംബൈ, കൊച്ചി, ഹൊസൂർ എന്നിവിടങ്ങളിലെ ഹാംഗറുകൾ ഉൾപ്പെടെ 27 നഗരങ്ങളിൽ എയർവർക്ക്സിന്‍റെ സാന്നിധ്യമുണ്ട്. അദാനി ഏറ്റെടുക്കുന്നതോടെ സ്ഥാപകരുടേതടക്കം ആറ് നിക്ഷേപങ്ങൾ കമ്പനിയിൽ നിന്ന് പിന്‍വാങ്ങും. 1947 ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യാമെർ ഏവിയേഷൻ രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലയിലെ എംആർഒ ആണ്. പ്രതിരോധ, സിവിലിയൻ എയ്റോസ്പേസ് മേഖലകളിൽ രാജ്യത്ത് വലിയ അവസരങ്ങളുണ്ട്. 2030 ഓടെ രാജ്യത്തെ എംആർഒ മേഖല 1.7 ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന് എയർലൈൻ, ബിസിനസ് ജെറ്റ്, ഡിഫൻസ് എംആർഒ മേഖലകളിൽ സാന്നിധ്യമുണ്ടാകാൻ ഏറ്റെടുക്കൽ സഹായിക്കും.