ഓഹരി വിപണിയിൽ അദാനിയുടെ തകർച്ച തുടങ്ങിയിട്ട് ഒരു മാസം; നഷ്ടം 12 ലക്ഷം കോടി
മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഒരു മാസമാവുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് 12 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ഒരു മാസത്തിനുള്ളിൽ അദാനി ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് 27-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി മൂല്യം ഉയർത്തുക, കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി സ്വന്തമാക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചത്. വിപണിയിൽ നേരത്തെ പറഞ്ഞ് കേട്ട ആരോപണങ്ങളാണിവ. ഇതൊന്നും അദാനിയെപ്പോലൊരു ഭീമനെ കാര്യമായി ബാധിക്കില്ലെന്ന് വിശ്വസിച്ച വലിയൊരു വിഭാഗമുണ്ടായിരുന്നു. എന്നാൽ ഒരു മാസം ഇപ്പുറം അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ ഏറ്റവും വലിയ ഇടിവ് നേരിടേണ്ടിവന്നു. വൻ പ്രതിസന്ധിക്കിടയിലും രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി വിൽപന ഒരു വിധം വിജയിപ്പിച്ചെടുക്കാൻ അദാനിക്ക് കഴിഞ്ഞു. എന്നാൽ 24 മണിക്കൂർ കഴിയുന്നതിനുമുമ്പ് ഗൗതം അദാനിക്ക് അത് പിൻവലിക്കുന്നതായി പ്രഖ്യാപിക്കേണ്ടിവന്നു. 19 ലക്ഷം കോടിയായിരുന്നു മൊത്തം ഓഹരി മൂല്യം ഇപ്പോൾ 7 ലക്ഷം കോടിയായി കുറഞ്ഞു.