ആറ്റൂര്‍ ഗവ യുപി സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് 86 ലക്ഷം രൂപയുടെ അധികധനസഹായം
![](/media/images/WhatsApp_Image_2022-02-04_at_7.15.23_PM.width-1000.jpg)
ആറ്റൂര്‍ ഗവ: യു പി സ്‌കൂളിന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിന് 86 ലക്ഷം രൂപയുടെ അധികധനസഹായം അനുവദിച്ചതായി സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഇതോടെ സ്‌കൂള്‍ കെട്ടിടത്തിന് 2.56 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് ഫണ്ടില്‍ നിന്ന് 1.70 കോടി രൂപയുടെ ഭരണാനുമതിയാണ് സ്‌കൂളിന് ലഭിച്ചത്. പൊതുമരാമത്ത് റേറ്റ് റിവിഷന്റെ ഭാഗമായി മുമ്പ് അനുവദിച്ചിരുന്ന തുകക്ക് 14 ക്ലാസ് മുറികളടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുകയില്ലെന്നും 86 ലക്ഷം രൂപ കൂടി അധികം വേണ്ടിവരുമെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് പുതുക്കിയ ഭരണാനുമതി സ്‌കൂളിന് ലഭ്യമായത്. സാങ്കേതികാനുമതി ലഭ്യമാക്കി ഉടന്‍ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.പ്ലാനിന് അനുസരിച്ചു മതിയായ തുക ലഭിച്ചിട്ടുണ്ടെന്നും ക്ലാസ് റൂം ആയതിനു ശേഷം സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രമിക്കുമെന്നും പ്രധാനാധ്യാപിക പ്രധാനാധ്യാപിക നളിനി എം അറിയിച്ചു.