ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം: മർദ്ദിച്ച് കൊന്നതാണെന്ന് സഹോദരൻ
കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശ്വനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം. സഹോദരന്‍ രാഘവനാണ് വിശ്വാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. അതുകൊണ്ട് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളുണ്ട്. സഹോദരനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവൻ ആരോപിച്ചു. വിശ്വനാഥൻ കള്ളനല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ചുമത്തി സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിശ്വനാഥന്‍റെ ഭാര്യാമാതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സഹോദരൻ എത്തുന്നത്. വിശ്വനാഥന്‍റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.