മെറിറ്റ് മാത്രം നോക്കിയാണ് പ്രവേശനം, ''മാർക്ക് ജിഹാദ് " ആരോപണങ്ങൾ തള്ളി ഡൽഹി സർവകലാശാല
മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് സർവകലാശാലയിൽ വിദ്യാർഥികൾ പ്രവേശന യോഗ്യത നേടുന്നതെന്ന് ഡൽഹി യൂണിവേഴ്സിറ്റിയുടെ പത്രക്കുറിപ്പ്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനോ ബോർഡിനോ പ്രത്യേകമായി യാതൊരു പരിഗണനയും നൽകുന്നില്ല. വർഷങ്ങളായി സർവകലാശാലയിൽ നിലവിലുള്ള പ്രവേശന രീതിയാണിത്. മാർക്ക് ജിഹാദിലൂടെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ സർവകലാശാലയിൽ ആധിപത്യം നേടുന്നു എന്ന തെറ്റായ പ്രചാരണത്തിനുള്ള മറുപടിയായാണ് സർവകലാശാല പത്രക്കുറിപ്പിറക്കിയത്.
ഈ വർഷവും അപേക്ഷകൾ പരിഗണിച്ചത് മെറിറ്റ് അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വാർത്തകൾ തളളിക്കളയുന്നു. ചുരുക്കം ചില ബോർഡുകൾക്ക് മുൻഗണന നൽകുന്നതായ പ്രചാരണം അടിസ്ഥാന രഹിതമാണ്. പ്രശസ്തമായ ഒരു കേന്ദ്ര സർവകലാശാല എന്ന നിലയിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ രാജ്യമെങ്ങുമുള്ള വിദ്യാർഥികൾ ആഗ്രഹിക്കും. യോഗ്യതയുള്ള മുഴുവൻ പേർക്കും അതിനുള്ള തുല്യമായ അവസരം ഒരുക്കിക്കൊടുക്കാനാണ് സർവകലാശാല ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കു മാത്രമല്ല വിദേശ വിദ്യാർഥികൾക്കും തുല്യമായ പരിഗണനയാണ് നൽകുന്നതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ഈ വർഷത്തെ അപേക്ഷകരുടെ കണക്കു കൂടി സർവകലാശാല പുറത്തുവിട്ടിട്ടുണ്ട്. അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ ചേരാൻ അപേക്ഷ നൽകിയ 60,904 പേരിൽ 46,054 പേരും സി ബി എസ് സി വിദ്യാർഥികളാണെന്നും ബാക്കിയുള്ളവർ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാന ബോർഡുകളിൽ നിന്നാണെന്നും സർവകലാശാല വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത വിവിധ കോളെജുകളിലേക്ക് ഇന്നലെവരെ ലഭിച്ച അപേക്ഷകളുടെ കണക്കാണ് പുറത്തുവിട്ടത്. ഇതു പ്രകാരം കേരളത്തിൽ നിന്നുള്ള ഹയർ സെക്കന്ററി ബോർഡ് വിദ്യാർഥികളുടെ എണ്ണം 2365 ആണ്. ഹരിയാനയിൽ നിന്ന് 1540 പേരും രാജസ്ഥാനിൽ നിന്ന് 1301 പേരും അപേക്ഷകരായുണ്ട്. 1429 പേർ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ ഓഫ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പാസ്സായവരാണ്. ഇതു കൂടാതെ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ അപേക്ഷ നൽകിയിട്ടുണ്ട്.