വലപ്പാട് ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് അനുവദിക്കുക ; ജനകീയ സമരസമിതി
വലപ്പാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി വികസിപ്പിക്കുന്നതിന്റെ മുന്നോടിയായി അടിയന്തിരമായി ട്രോമ കെയർ യൂണിറ്റ് ആരംഭിക്കണമെന്ന് ജനകീയ സമരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിക്ക് വേണ്ട പണം നീക്കിവെക്കാൻ ഇപ്പോൾ ധനസ്ഥിതി മോശമാണന്നാണ് ധനമന്ത്രി സമര സമിതി നേതാക്കളോട് പറഞ്ഞത്. അതിനാൽ നബാർഡിൽ നിന്നും ലഭിക്കുന്ന 5 കോടി രൂപ ഉപയോഗപ്പെടുത്തി ആശുപത്രിയിൽ അടിയന്തിരമായി ട്രോമ കെയർ യൂണിറ്റിനായുള്ള സൗകര്യങ്ങൾ ഉണ്ടാക്കണമെന്നും, വാഹനാപകടങ്ങൾ വർധിക്കുന്നതിലൂടെ മരണാവസ്ഥയിലുള്ള രോഗികളുടെ എണ്ണം പെരുകുന്നതിനാൽ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കേണ്ടത് ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള വിഷയമാണന്ന് സമരസമിതിയുടെ നിർവ്വാഹക സമിതി യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ ആർ ഐ സക്കറിയ അധ്യക്ഷത വഹിച്ചു. പി എൻ പ്രോവിന്റ്, ടി കെ പ്രസാദ്, പി എ സലിം, സരസ്വതി വലപ്പാട്, ജിഹാസ് വലപ്പാട്, പി എ നസീർ എന്നിവർ പ്രസംഗിച്ചു.