60 മില്യൺ ഡോളർ ഫണ്ടിങ്ങ്, അവിശ്വസനീയ നേട്ടം കരസ്ഥമാക്കി കൗമാരപ്രായക്കാർ

60 മില്യൺ ഡോളർ അഥവാ നാനൂറ്റമ്പത് കോടിയോളം രൂപയുടെ ഫണ്ടിങ്ങ് നേട്ടം സ്വന്തമാക്കി മുംബൈയിലെ കൗമാരപ്രായക്കാർ. സ്റ്റാൻഫഡ് സർവകലാശാല ഡ്രോപ് ഔട്ടുകളായ ആദിത് പലിചാ, കൈവല്യ വോറ എന്നീ 19 വയസ്സുള്ള കൗമാര പ്രായക്കാരാണ് ആഗോള നിക്ഷേപകരായ വൈ കോമ്പിനേറ്റർ, ഗ്ലെയ്ഡ് ബ്രൂക്ക് കാപിറ്റൽ എന്നിവയിൽ നിന്നുള്ള ശതകോടികളുടെ ഫണ്ടിങ്ങ് നേടിയത്.

2021 ജനുവരിയിലാണ് സ്റ്റാൻഫഡിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ ആദിത്തും കൈവല്യയും സംരംഭക മേഖലയിലേക്ക് കടക്കുന്നത്.

എഞ്ചിനീയറിങ്ങ് പഠനം ഇടയ്ക്കുവെച്ച് നിർത്തി 'സെപ്റ്റോ' എന്ന ഫുഡ് ഡെലിവറി ആപ്പിനാണ് ഇരുവരും തുടക്കം കുറിച്ചത്. ഗ്രോഫേഴ്സ് ഉൾപ്പെടെയുള്ള അതികായർ അടക്കി ഭരിക്കുന്ന മേഖലയിലേക്കാണ് 10 മിനിറ്റിനുള്ളിൽ ഡെലിവറി എന്ന ആകർഷകമായ വാഗ്ദാനവുമായി ഇരുവരും ഇറങ്ങിത്തിരിച്ചത്. ക്യുക്ക് കൊമേഴ്സ് അഥവാ ക്യു കൊമേഴ്സ് മേഖലയിൽ അതിശക്തമായ മത്സരമാണ് ഇന്ത്യയിൽ അരങ്ങേറുന്നത്. ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ സെപ്റ്റോക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഹൈദരാബാദ്, കൊൽക്കത്ത, പുണെ, ചെന്നൈ എന്നീ നഗരങ്ങളെയാണ് അടുത്തതായി ലക്ഷ്യമിടുന്നത്. മികച്ച ഫണ്ടിങ്ങ് ലഭിച്ചതോടെ കൂടുതൽ വളർച്ചാ പദ്ധതികൾ ആവിഷ്കരിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.

Related Posts