കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിൽ പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

കോട്ടയം: ചലച്ചിത്ര സംവിധായകനും കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ ശങ്കർ മോഹൻ തികഞ്ഞ പ്രൊഫഷണൽ വ്യക്തിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഒരു പ്രൊഫഷണൽ വ്യക്തിക്ക് എങ്ങനെയാണ് ഒരു വിഭാഗം വിദ്യാർത്ഥികളോട് വിവേചനം കാണിക്കാൻ കഴിയുകയെന്നും തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും അടൂർ പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് അടൂരിനെതിരെ ആഷിഖ് അബുവും രാജീവ് രവിയും നടത്തിയ പ്രസ്താവനകൾക്കും അദ്ദേഹം മറുപടി നൽകി. പ്രശസ്തിക്ക് വേണ്ടി അവർ എന്നെ വിമർശിക്കുന്നു. അവർക്ക് ഈ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഒന്നും അറിയില്ല. നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അടൂർ ആരോപിച്ചു. ന്യൂജനറേഷൻ ഫിലിം മേക്കർമാർ എന്നാണ് അവർ സ്വയം വിളിക്കുന്നത്. അവയിൽ എന്താണ് പുതുമയെന്നും അടൂർ ചോദിച്ചു.

Related Posts