കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യം; തീരുമാനം അറിയിക്കാൻ നാലാഴ്ച്ചത്തെ സാവകാശം

ന്യൂഡല്‍ഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നതിനുള്ള പുതിയ പദ്ധതി പരിശോധിച്ച് വരികയാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് സംസ്ഥാനം. സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയവും സർക്കാർ തേടി. സർക്കാരിൻ്റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചു. അതുവരെ പരസ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദേശപ്രകാരമാണ് കെ.എസ്.ആർ.ടി.സി പുതിയ സ്കീം സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശിയും കെ എസ് ആർ ടി സിക്ക് വേണ്ടി അഭിഭാഷകൻ ദീപക് പ്രകാശും ഹാജരായി. കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വൻ വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരസ്യം നൽകിയതെന്നും കെ.എസ്.ആർ.ടി.സിയുടെ അപ്പീലിൽ പറയുന്നു. പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി വ്യവസായത്തിന് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും കൃത്യമായ പഠനം നടത്താതെയാണ് ഉത്തരവെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. സുപ്രീം കോടതിയുടെ മുൻ വിധിയിലെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തതെന്ന് കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രശ്നങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടൽ അംഗീകരിക്കുമ്പോഴും സാമൂഹിക സേവനമായി മുന്നോട്ട് പോകുന്ന കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാണ് ഇത്തരം ഉത്തരവുകളെന്നും ഹർജിയിൽ പറയുന്നു.

Related Posts