പെരിയ കേസ് വക്കാലത്ത് എടുത്തത് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടെന്ന് അഡ്വ.സി.കെ ശ്രീധരൻ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒമ്പത് പ്രതികളുടെ കേസ് ഏറ്റെടുത്തത് സി.പി.എമ്മിന്‍റെ നിർദേശ പ്രകാരമല്ലെന്ന് അഡ്വ.സി.കെ ശ്രീധരൻ. പ്രതികളുടെ ബന്ധുക്കളാണ് വക്കാലത്ത് ഏൽപ്പിച്ചത്. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിന്‍റെ ആരോപണങ്ങൾ നിഷേധിച്ച സി.കെ ശ്രീധരൻ പെരിയ കേസ് ഫയൽ താൻ പരിശോധിച്ചിട്ടില്ലെന്നും പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തെപ്പോലെ നിന്ന് എല്ലാ ഫയലുകളും പരിശോധിച്ച ശ്രീധരൻ തങ്ങളെ വഞ്ചിച്ചുവെന്നാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തിന്റെ ആരോപണം. ഗൂഢാലോചനയിൽ ശ്രീധരന്‍റെ പങ്കും അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെയാണ് സി.കെ.ശ്രീധരൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. സി.കെ. ശ്രീധരൻ ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു. കേസിന്‍റെ തുടക്കം മുതൽ അദ്ദേഹം ഫയൽ പഠിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടെ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് വളരെ താൽപ്പര്യമുണ്ടായിരുന്നു. തുടർന്ന് ഞങ്ങൾ കേസ് ആസിഫ് അലിക്ക് കൈമാറി. ഇത് മുൻ ധാരണയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Related Posts