നാടുവിടാൻ കൂട്ടപ്പാച്ചിൽ; കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്.
ഹമീദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ വെടിവെപ്പ്. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങൾ. വിമാനത്തിൽ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളും തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.
അഷ്റഫ് ഗനി രാജ്യം വിടുകയും പ്രസിഡണ്ടിന്റെ കൊട്ടാരം താലിബാൻ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ വിമാനത്താവള ടെർമിനലിലേക്ക് ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തിൽ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്.