പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് മുതലമടയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളെ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമുകളിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും പ്രോട്ടോക്കോൾ പാലിച്ച് ഉടനടി ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്കരിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലും ബീഹാറിലും ആഫ്രിക്കൻ പനി പടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 30 ദിവസത്തേക്ക് പന്നി, പന്നിയിറച്ചി, പന്നിയിറച്ചി ഉൽപ്പന്നങ്ങൾ, പന്നിവളം എന്നിവ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആഫ്രിക്കൻ പന്നിപ്പനിക്കുള്ള വാക്സിനോ മറ്റ് വാക്സിനോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യമാണുള്ളത്. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കാണപ്പെടുന്ന രോഗമായതിനാൽ, ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.

Related Posts