11 വർഷത്തിനു ശേഷം ഡയറക്റ്ററുടെ വേഷത്തിൽ രേവതി, നായിക കജോൾ; സലാം വെങ്കി ചിത്രീകരണം തുടങ്ങി
നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം സംവിധായികയുടെ കുപ്പായത്തിൽ നടി രേവതി. പ്രശസ്ത ബോളിവുഡ് താരം കജോൾ ആണ് ചിത്രത്തിൽ നായികയാവുന്നത് എന്നതാണ് പുതിയ ചിത്രത്തിൻ്റെ പ്രത്യേകത. സലാം വെങ്കി എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ച വിവരം രേവതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
2002-ൽ പുറത്തിറങ്ങിയ മിത്ര്, മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ച രേവതിയുടെ സംവിധാനത്തിൽ പുറത്തുവന്ന രണ്ടാമത്തെ ചിത്രം ഫിർ മിലേംഗെ ആണ്. മിത്ര്, മൈ ഫ്രണ്ടിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സലാം വെങ്കി ഒരുക്കുന്നതെന്ന് രേവതി പറഞ്ഞു. ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളെ പുഞ്ചിരിയോടെ നേരിടുന്ന സുജാത എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. സമീർ അറോറ തിരക്കഥ രചിക്കുന്ന ചിത്രത്തിൻ്റെ നിർമാണം ബിലീവ് പ്രൊഡക്ഷൻസും ടേക്ക് 23 പ്രൊഡക്ഷൻസുമാണ്.