2008-നുശേഷം ജനിച്ചവർ സിഗരറ്റ് വലിക്കേണ്ടെന്ന് ന്യൂസിലൻഡ്
പുതുതലമുറയെ പുകവലിയിൽ നിന്ന് മോചിപ്പിക്കാൻ ഉറച്ച തീരുമാനമെടുത്ത് ന്യൂസിലൻഡ്. 2008-ന് ശേഷം ജനിച്ച ആർക്കും അവരുടെ ജീവിതകാലത്ത് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വാങ്ങാൻ കഴിയാത്ത വിധത്തിലുള്ള നിയമ നിർമാണത്തിനാണ് രാജ്യം ഒരുങ്ങുന്നത്. അടുത്തവർഷം മുതൽ നിയമം പ്രാബല്യത്തിൽ വരും.
യുവാക്കൾ ഒരിക്കലും പുകവലി തുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാൾ പറഞ്ഞു. ന്യൂസിലൻഡിലെ ആരോഗ്യ മന്ത്രാലയം ഇന്നുമുതൽ പ്രഖ്യാപിച്ച പുകവലിക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമാണ് ഈ നീക്കമെന്നും അവർ പറഞ്ഞു. സിഗരറ്റ് വിൽക്കാൻ ലൈസൻസുള്ള കടകളുടെ എണ്ണം ഇപ്പോഴത്തെ 8,000-ത്തിൽ നിന്ന് 500-ൽ താഴെയായി കുറയ്ക്കും.
നിലവിൽ, ന്യൂസിലൻഡിൽ പ്രായപൂർത്തിയായവരിൽ 13 ശതമാനം പേർ പുകവലിക്കാരാണ്. ഒരു ദശാബ്ദം മുമ്പ് 18 ശതമാനം ആയിരുന്നു. എന്നാൽ തദ്ദേശീയരായ മാവോറി വിഭാഗക്കാരിൽ നിരക്ക് വളരെ കൂടുതലാണ്-ഏകദേശം 31 ശതമാനം. രോഗവും മരണവും അവരിൽ കൂടുതലാണെന്ന് കണക്കുകൾ ഉദ്ധരിച്ച് ആരോഗ്യ മന്ത്രാലയം പറയുന്നു.