നീണ്ട ഇടവേളയ്ക്കുശേഷം ഊന്നുവടിയുടെ സഹായത്തോടെ നടന്ന് എലിസബത്ത് രാജ്ഞി
പത്തുവർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം പൊതു പരിപാടിയിൽ പങ്കെടുക്കാൻ വോക്കിങ്ങ് സ്റ്റിക്കിൻ്റെ സഹായം തേടി എലിസബത്ത് രാജ്ഞി. വെസ്റ്റ് മിൻസ്റ്റർ ആബേയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ബ്രിട്ടീഷ് രാജ്ഞി ഊന്നുവടിയുടെ സഹായത്താൽ നടന്നത്.
2003 ൽ നടന്ന കാൽമുട്ട് ശസ്ത്രക്രിയയ്ക്കുശേഷം കുറേക്കാലം ഊന്നുവടിയുടെ സഹായത്താലാണ് രാജ്ഞി നടന്നിരുന്നത്. പൊതുപരിപാടികളിൽ പത്തു വർഷത്തിനിടെ ആദ്യമായാണ് രാജ്ഞിയെ ഊന്നുവടിയിൽ കാണുന്നതെന്ന് ബി ബി സി റിപ്പോർട്ടു ചെയ്യുന്നു. പോപ്പി ലീജിയൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാനാണ് രാജ്ഞി വെസ്റ്റ് മിൻസ്റ്റർ ആബേയിൽ എത്തിയത്. 95 വയസ്സുള്ള രാജ്ഞിയെ അവസാനമായി ഊന്നുവടിയിൽ കണ്ടത് ഒരു ദശാബ്ദത്തിനു മുമ്പാണെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
1952 ഫെബ്രുവരി 6 നാണ് എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയാവുന്നത്. 63 വർഷവും 7 മാസവും ആ പദവി വഹിച്ച വിക്ടോറിയ രാജ്ഞിയുടെ റെക്കോഡ് എലിസബത്ത് രാജ്ഞി 2015 സെപ്റ്റംബറിൽ മറികടന്നിരുന്നു. 2022 മെയിൽ രാജ്ഞി പദവിയിൽ എത്തിയതിൻ്റെ 70-ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് രാജ്യം. രാജ്ഞിക്ക് ഏറ്റവും പ്രിയങ്കരരായ കുതിരകളെ മുൻനിർത്തി വിൻഡ്സർ കൊട്ടാരത്തിൽ നാലു ദിവസത്തെ അശ്വാരൂഢ മഹോത്സവം സംഘടിപ്പിക്കാനും ആലോചനയുണ്ട്.