തിരിച്ചുവരവെന്ന് സിനിമാ ലോകം; തിരിച്ചുവരാൻ താൻ എങ്ങോട്ടും പോയിട്ടില്ലെന്ന് മാധുരി ദീക്ഷിത്
നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ പകരം വെയ്ക്കാനില്ലാത്ത നായികയായാണ് മാധുരി അറിയപ്പെട്ടിരുന്നത്. ബേട്ട, രാജ, ഖൽനായക്, രാം ലഖൻ, തേസാബ്, ഹം ആപ്കേ ഹെ കോൻ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ.
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മാധുരി ആദ്യമായി സ്ട്രീമിംഗ് സ്പേസിൽ എത്തുകയാണ്. നെറ്റ്ഫ്ലിക്സ് ത്രില്ലർ ദി ഫെയിം ഗെയിമിലൂടെയാണ് താരം സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമിൽ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡ് സൂപ്പർ സ്റ്റാർ അനാമിക ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഫെയിം ഗെയിമിൽ താരം അവതരിപ്പിക്കുന്നത്. സൂപ്പർ സ്റ്റാറിൻ്റെ തിരോധാനവും അവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഇരുണ്ട രഹസ്യങ്ങളുമാണ് സീരീസ് അനാവരണം ചെയ്യുന്നത്.
ഒ ടി ടി യിലെ അരങ്ങേറ്റത്തെ കുറിച്ചുളള വാർത്തകളോട് പ്രതികരിച്ചുകൊണ്ട് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തിരിച്ചുവരവ് എന്ന വിശേഷണത്തെ താൻ ഇഷ്ടപ്പെടുന്നില്ല. താൻ ഇവിടെ നിന്ന് എങ്ങോട്ടും പോയിട്ടില്ല. എപ്പോഴും ഇവിടെത്തന്നെ ഉണ്ടായിരുന്നു. അതിനാൽ തിരിച്ചുവരവ് എന്ന പ്രയോഗം ശരിയല്ല.
സിനിമയിൽ താൻ ഒരു വിദ്യാർഥിയെ പോലെയാണെന്ന് മാധുരി പറഞ്ഞു. സിനിമയെപ്പറ്റി പഠിക്കാൻ തനിക്ക് ഏറെ ഇഷ്ടമാണ്. തന്നെ സംബന്ധിച്ചിടത്തോളം ഒ ടി ടി എന്നത് സിനിമ നിർമിക്കുന്ന മറ്റൊരു ഭാഷയാണ്. വ്യത്യസ്തമായ ഒരു സംവിധാനം. 35 വർഷത്തിനു ശേഷവും താൻ അരങ്ങേറ്റമാണ് കുറിക്കുന്നത് എന്ന് കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നെന്ന് നടി പറഞ്ഞു.