ബ്രിട്ടന് പിന്നാലെ യൂറോപ്യൻ യൂണിയനിലും; യുദ്ധ വിമാനങ്ങൾക്കായി സെലെൻസ്‌കി
ബ്രസൽസ്: റഷ്യയുമായുള്ള യുദ്ധം ഒരു വർഷം പൂർത്തിയാകാനിരിക്കെ ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി യൂറോപ്യൻ യൂണിയന്‍റെ ആസ്ഥാനമായ ബ്രസൽസ് സന്ദർശിച്ചു. ബുധനാഴ്ച ബ്രിട്ടൻ സന്ദർശിച്ച ശേഷമാണ് സെലെൻസ്കി ബ്രസൽസിലെത്തിയത്. റഷ്യയ്ക്കെതിരെ പോരാടാൻ യുദ്ധവിമാനങ്ങളും മിസൈലുകളും നൽകുന്നതിന് സഹായം അഭ്യർത്ഥിക്കാനായിരുന്നു സെലെൻസ്കിയുടെ ബ്രിട്ടൻ സന്ദർശനം. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്‍റെ വാർഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് സെലെൻസ്കിയുടെ യൂറോപ്യൻ യൂണിയൻ സന്ദർശനം. യുദ്ധവിമാനങ്ങൾ ലഭിക്കാൻ സഹായം തേടിയുള്ള തന്‍റെ ബ്രിട്ടൻ സന്ദർശനം ഫലം കണ്ടതായി സെലെൻസ്കി ബ്രസൽസിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുദ്ധവിമാനങ്ങൾ കൈമാറുന്നതിൽ ഉടനടി തീരുമാനമെടുക്കാൻ കഴിയില്ലെന്നും ദീർഘകാല അടിസ്ഥാനത്തിൽ യുദ്ധവിമാനങ്ങൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ബ്രിട്ടന്‍റെ പ്രതിരോധ സെക്രട്ടറി ബെൻ വാലിസ് പറഞ്ഞു. യുദ്ധവിമാനങ്ങൾ നൽകണമെന്ന് യൂറോപ്യൻ യൂണിയനിൽ സെലെൻസ്കി പരസ്യമായി ആഹ്വാനം ചെയ്തില്ലെങ്കിലും നേതാക്കളോട് വ്യക്തിപരമായി ആവശ്യപ്പെടും എന്നാണ് വിവരം.