ഇ പി ജയരാജന് പിന്നാലെ പി ജയരാജനെതിരെയും പരാതി പ്രളയം
തിരുവനന്തപുരം: പി.ജയരാജന്‍റെ ക്വട്ടേഷൻ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചു. ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പി.ജയരാജനെതിരെയും പരാതി ഉയരുന്നത്. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി.ജയരാജന് ബന്ധമുണ്ടെന്നും അതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് ആവശ്യം. വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയും സി.പി.എമ്മിന് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ചെടുത്ത മുഴുവൻ തുകയും പാർട്ടിക്ക് നൽകിയില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇടത് മുന്നണി കൺവീനറും മുതിർന്ന നേതാവുമായ ഇ.പി ജയരാജനെതിരെ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.ജയരാജനെതിരെയും പാർട്ടിക്ക് പരാതി ലഭിച്ചത്. ഇ.പി ജയരാജനെതിരെ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദൻ അറിയിച്ചിട്ടുണ്ട്. ഇ.പി കേന്ദ്രകമ്മിറ്റി അംഗമായതിനാൽ കേന്ദ്രനേതൃത്വത്തിന്‍റെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്തൂ. പിബിയുടെ അനുമതിയോടെ ഇ.പിക്കെതിരെ പാർട്ടി കമ്മിഷൻ അന്വേഷണം നടത്തിയേക്കും. പാർട്ടി യോഗത്തിൽ ഒരു മുതിർന്ന നേതാവ് മറ്റൊരു മുതിർന്ന നേതാവിനെതിരെ പരാതി ഉന്നയിക്കുകയും മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സാഹചര്യം പാർട്ടി നേതാക്കൾ ഗൗരവത്തോടെയാണ് കാണുന്നത്. തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പൂർണ പിന്തുണയോടെയാണ് പി.ജയരാജന്‍റെ പരാതിയെന്നാണ് സൂചന.