രാജ്യത്തിന്റെ മിടിപ്പറിയാൻ ഗാന്ധിജി കഴിഞ്ഞാൽ സമർത്ഥൻ മോദിയെന്ന് രാജ്നാഥ് സിംഗ്
അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ മിടിപ്പ് തൊട്ടറിയുന്ന കാര്യത്തില്‍ സമർത്ഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 'മോദി@20: സാക്ഷാത്കരിക്കപ്പെടുന്ന സ്വപ്നങ്ങള്‍' എന്ന പുസ്തകത്തിന്‍റെ ഗുജറാത്തി പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെപ്പോലെ നേരിട്ട് ജനങ്ങളോട് സംവദിക്കുന്നതിനാലാണ് മോദിക്ക് രാജ്യത്തിന്‍റെ ചലനങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'രാജ്യത്തിന്റെ ഭാവിദിശയെ നിര്‍ണയിക്കാനുള്ള കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് പുനരാവിഷ്‌കരിച്ചതും പുനര്‍നിര്‍വചിച്ചതും മോദിയാണ്' സിംഗ് പറഞ്ഞു. മുഖ്യമന്ത്രി ഭൂപേന്ദ്രസിങ് പട്ടേൽ, കേന്ദ്ര സഹമന്ത്രി എൽ മുരുകൻ എന്നിവർ സംസാരിച്ചു.