പാലക്കാടിന് പിന്നാലെ കണ്ണൂരിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
തലശ്ശേരി: പാലക്കാട് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ കണ്ണൂരിലെ തലശ്ശേരിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിവേഗം കടന്നുപോയതിനാൽ പൊലീസ് ആരെയും കസ്റ്റഡിയിലെടുത്തില്ല. തലശേരി ചിറക്കരയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തലശ്ശേരിയിൽ ആരോഗ്യവകുപ്പിന്‍റെ വിവാ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കണ്ണൂരിൽ പ്രതിഷേധമുണ്ടാകുമെന്ന കാരണത്താൽ യൂത്ത് ലീഗ് പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേരെ നേരത്തെ പൊലീസ് കരുതൽ തടങ്കലിൽ വച്ചിരുന്നു. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ പാലക്കാട്ടെത്തിയ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയും ആകാശ മാർഗമായിരുന്നു. എന്നാൽ കണ്ണൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു.