ഉദ്ഘാടനം കഴിഞ്ഞിട്ടും 'സ്റ്റാര്‍ട്ട്' ആകാതെ കേരള സവാരി ടാക്‌സി പദ്ധതി
ടാക്സി മേഖലയിലെ ചൂഷണം ഒഴിവാക്കാൻ സർക്കാർ തയ്യാറാക്കിയ കേരള സവാരി പദ്ധതി ഉപയോഗിക്കാൻ ഇതുവരെ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരള സവാരി മൊബൈൽ ആപ്പ് ആപ്പ് സ്റ്റോറുകളിൽ എത്താത്തതാണ് കാരണം. സുരക്ഷാ പരിശോധന പൂർത്തിയാക്കി അനുമതി ലഭിക്കാത്തതിനാൽ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറിൽ എത്തിയില്ല. അഞ്ച് ദിവസം മുമ്പാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. ഏറെ പബ്ലിസിറ്റിയോടെ ആരംഭിച്ച പദ്ധതി ഇതുവരെയും നടപ്പിലാക്കാൻ അധികൃതർക്കായില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർ കേരള സവാരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. സുരക്ഷാ പരിശോധനയും ഗൂഗിൾ വെരിഫിക്കേഷനും പൂർത്തിയാക്കിയ ശേഷമേ കേരള സവാരി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തുകയുള്ളൂ. ഇതിന് എത്ര ദിവസമെടുക്കുമെന്ന് അധികൃതർക്ക് പറയാൻ കഴിയുന്നില്ല. നിലവില്‍ ഇ-മെയിലായിമാത്രമാണ് ഗൂഗിളുമായി ബന്ധപ്പെടാനാകുന്നത്. അടുത്ത ദിവസങ്ങളില്‍ത്തന്നെ കേരള സവാരി ആപ്പ് എത്തുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.