വീണ്ടും ചില വീട്ടുകാര്യങ്ങൾ, പുതിയ ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ജയറാം
വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽക്കൂടി സത്യൻ അന്തിക്കാടുമായി ഒത്തുചേരുകയാണെന്ന് നടൻ ജയറാം. സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം സെറ്റിലിരിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം നടൻ പങ്കുവെച്ചത്.
സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ മീര ജാസ്മിനാണ് ജയറാമിന്റെ നായികയാവുന്നത്. വർഷങ്ങൾക്കു ശേഷമുള്ള മീരയുടെ തിരിച്ചുവരവ് ചിത്രം കൂടിയാണിത്.
വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തിയ സന്തോഷം പങ്കുവെച്ച് നേരത്തേ സംവിധായകൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. മീരയുടെ തിരിച്ചുവരവിൽ സെറ്റിലാകെ
പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണെന്നാണ് സംവിധായകൻ പറഞ്ഞത്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'യാണ് മീരയെന്നും, അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'വാണെന്നും തന്റെ ചിത്രങ്ങളിലെ വിവിധ കഥാപാത്രങ്ങളെ അനുസ്മരിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ പോസ്റ്റ്. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിൽ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കിയാണ് മീരയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ജയറാമിനും മീര ജാസ്മിനുമൊപ്പം ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെ പി എ സി ലളിത, ശ്രീനിവാസൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്.