വീണ്ടും ഇസ്രയേൽ - പലസ്തീൻ സംഘർഷം; 16 മരണം, നിരവധി പേർക്ക് പരിക്ക്
ഗാസ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷഭൂമിയായി പശ്ചിമേഷ്യ. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണമാണ് സ്ഥിതിഗതികൾ വീണ്ടും ഏറ്റുമുട്ടലിൽ എത്തിച്ചത്. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയാണ് ഇസ്രായേലിൻ്റെ ആക്രമണം ഉണ്ടായത്. 60 വയസുള്ള സ്ത്രീയടക്കം ഒമ്പത് പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടുതലാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘത്തെയാണ് വധിച്ചതെന്നാണ് ഇസ്രായേൽ അവകാശ വാദം. എന്നാൽ നിരപരിധികളെയടക്കം വെടിവെച്ചുവെന്ന് പലസ്തീൻ സംഘടനകൾ വ്യക്തമാക്കി. ജെറുസലേമിലെ ജൂത ആരാധനാലയം ആക്രമിച്ചാണ് പലസ്തീൻ തീവ്രവാദ സംഘടനകൾ പ്രതികരിച്ചത്. സന്ധ്യ പ്രാർത്ഥന കഴിഞ്ഞ് സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയ ഏഴ് നിരപരാധികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേൽ പോലീസ് വെടിവച്ച് കൊന്നു. ഇതിനു പ്രതികാരമായി ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടങ്ങി. ദീർഘകാലമായി നിലനിൽക്കുന്ന ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനു പരിഹാരം കാണാനുള്ള ശ്രമങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. കൂടുതൽ പലസ്തീൻ പ്രദേശങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കുന്ന ഇസ്രയേൽ, സമാധാന ശ്രമങ്ങൾക്ക് നേരെ മുഖംതിരിച്ചു നിൽക്കുന്ന പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ, കാര്യമായ സ്വാധീനമില്ലാത്ത പലസ്തീൻ ഭരണകൂടം തുടങ്ങി നിരവധി പ്രതിസന്ധികൾ നിലനിൽക്കുകയാണ്.