പെൺകുട്ടികളുടെ വിവാഹപ്രായം 21; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ദില്ലി: പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കാനുള്ള ബില്ലിനാണ് ഇന്നലെ ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയത്. ഈ ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
നിലവിൽ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേന്ദ്രസർക്കാർ ബില്ല് പാസ്സാക്കാൻ ശ്രമിക്കുന്നത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.
സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിർദേശങ്ങൾ നൽകിയതെന്ന് സമിതി അധ്യക്ഷ ജയ ജയ്‍റ്റ്‍ലി വിശദീകരിക്കുന്നു. ജനസംഖ്യാനിയന്ത്രണം ഉദ്ദേശിച്ചുള്ളതല്ല നിയന്ത്രണങ്ങൾ. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും കൃത്യമായ രീതിയിൽ ബോധവത്കരണം നടത്തണമെന്നും, ലൈംഗികവിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. പോളിടെക്നിക്കുകളിലും മറ്റ് നൈപുണ്യശേഷീവികസന ഇൻസ്റ്റിറ്റ്യൂട്ടുകളിലും വനിതകൾക്കുള്ള പ്രവേശനം കൂട്ടണമെന്നും, ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന ഉദ്ദേശം നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നുമാണ് സമിതിയുടെ നിർദേശം.