അഗ്നിവീര്‍മാര്‍ ശിപായിക്കും കീഴിൽ; നയം വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളിൽ ഉൾപ്പെടുത്തുന്ന പുതിയ അഗ്നിവീർമാർ ശിപായി റാങ്കിനും താഴെയായിരിക്കുമെന്ന് കേന്ദ്ര ഗവൺമെന്റ്. ശിപായിമാരെ അഗ്നിവീർമാർ സല്യൂട്ട് ചെയ്യേണ്ടിവരുമെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീർമാരായി നാലു വർഷത്തെ സേവനം സ്ഥിര സേവനമായി പരിഗണിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിക്കെതിരായ വിവിധ ഹർജികൾ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയുടെ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. അഗ്നിവീർമാരെ സായുധ സേനയുടെ പ്രത്യേക കേഡറായിട്ടാകും പരിഗണിക്കുക. അഗ്നിവീരൻമാർക്ക് അടിസ്ഥാന പരിശീലനമാണ് നൽകുന്നത്. നാലു വർഷത്തിനു ശേഷം ശിപായിമാരായി സ്ഥിരമായി നിയമിക്കപ്പെടുന്നവർക്ക് ഉന്നതതല പരിശീലനം നൽകുമെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അതിനാൽ, അഗ്നിവീറുകൾ ശിപായിമാരുടെ റാങ്കിനും താഴെയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.