വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ

വല്ലച്ചിറ: വല്ലച്ചിറ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ-സിഡിഎസിന്റെ നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ഉദ്ഘാടനം  കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. പത്ത്  ലക്ഷത്തോളം കുടുംബങ്ങളിൽ വിഷവിമുക്തവും പോഷക സമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കുക  എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.  'പോഷകസമൃദ്ധമായ സമൂഹം, പച്ചക്കറിയിൽ സ്വയംപര്യാപ്തത' എന്നതാണ് ക്യാമ്പയിന്റെ ആപ്തവാക്യം. 

പരമ്പരാഗത ജൈവ രീതിയിൽ ഉണ്ടാക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് ആരോഗ്യമുള്ള  സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.  കോവിഡ് മഹാമാരി കാലത്ത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ജനങ്ങൾക്ക് പോഷകാഹാരവും കായികോൻമേഷവും ലഭിക്കുന്നതിന് കൂടി ക്യാമ്പയിൻ സഹായമാകും.

ഒരു വാർഡിൽ 50 വീടുകൾ ഉൾപ്പെടുത്തി മിനിമം മൂന്ന് സെന്റ് സ്ഥലത്ത് നടത്തുന്ന ജൈവ കൃഷിയാണ് അഗ്രി ന്യൂട്രി ഗാർഡൻ. ക്യാമ്പയിന്റെ ഭാഗമാകുന്നവർ തക്കാളി, പയർ, പാവൽ, വെണ്ട, വഴുതന, വെള്ളരി, ചീര, മഞ്ഞൾ, മല്ലി, പുതിന  എന്നിവയിൽ ഏതെങ്കിലും അഞ്ചിനം പച്ചക്കറികളും പപ്പായ, പേര, നെല്ലി തുടങ്ങി രണ്ടിനം ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്. ജില്ലയിലെ 1465 വാർഡുകളിൽ ഏകദേശം 75,000 കുടുംബങ്ങളിലായി 2000 ഏക്കർ സ്ഥലത്ത് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.  ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related Posts