ചേലക്കര പഞ്ചായത്തില്‍ അഗ്രി നൂട്രിഗാര്‍ഡന്‍ ക്യാമ്പയിന്‍ ആരംഭിച്ചു
വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അഗ്രി നൂട്രിഗാര്‍ഡന്‍ ക്യാമ്പയിന് ചേലക്കരയില്‍ തുടക്കം. സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. തോന്നൂര്‍ക്കരയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് പോഷകാഹാരവും കായികോന്മേഷവും ലഭിക്കുന്നതിന് കൂടി അഗ്രി നൂട്രിഗാര്‍ഡന്‍ ക്യാമ്പയിന്‍ സഹായകരമാകും.
ഒരു വാര്‍ഡില്‍ 50 വീടുകള്‍ ഉള്‍പ്പെടുത്തി മിനിമം മൂന്ന് സെന്റ് സ്ഥലത്ത് നടത്തുന്ന ജൈവ കൃഷിയാണ് അഗ്രി നൂട്രിഗാര്‍ഡന്‍. പയര്‍, മുളക്, വെണ്ട, തക്കാളി തുടങ്ങി വീടുകളില്‍ ഭക്ഷ്യ ആവശ്യത്തിനുള്ള പച്ചക്കറികളാണ് പഞ്ചായത്തില്‍ കൃഷിക്കായി നട്ടത്. വിഷരഹിത പച്ചക്കറി എന്നതിന് പുറമെ തദ്ദേശീയമായി ഓരോ വാര്‍ഡിലും പോഷകാഹാരം ഉറപ്പ് വരുത്തുക എന്നത് കൂടിയാണ് അഗ്രി നൂട്രിഗാര്‍ഡന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ ശോഭന തങ്കപ്പന്‍, വൈസ് പ്രസിഡന്റ് ഷെലീല്‍, സ്ഥിരം സമിതി അംഗങ്ങളായ ശ്രീവിദ്യ, എല്ലിശേരി വിശ്വനാഥന്‍, ജാനകി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ തരിശ് ഭൂമികള്‍ കണ്ടെത്തി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇനിയും ഇത്തരം കാര്‍ഷിക സംരംഭങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് എം കെ പദ്മജ പറഞ്ഞു