തോന്നൽ കേക്ക് അഥവാ ചോക്കലേറ്റ് സ്വേൾ കേക്ക്; മ്യൂസിക് വീഡിയോ കേക്കിനു പിന്നിലെ കഥ പറഞ്ഞ് അഹാന കൃഷ്ണ
യൂട്യൂബിൽ ലക്ഷക്കണക്കിന് പേർ കണ്ട് വൻ വിജയമാക്കിയ 'തോന്നല് ' എന്ന മ്യൂസിക് വീഡിയോ കണ്ടവർക്കറിയാം, അതിൽ കാണിക്കുന്ന കേക്ക് അടിപൊളിയാണെന്ന്. അതൊരു ഒന്നൊന്നര കേക്ക് തന്നെയാണ്. ഒന്ന് രുചിച്ചു നോക്കാൻ ആരും കൊതിച്ചു പോകുന്ന തരത്തിലുള്ള സോഫ്റ്റ് ആൻ്റ് പ്രെറ്റി, ഡെലീഷ്യസ് ചോക്കലേറ്റ് സ്വേൾ കേക്ക്.
തോന്നലിൻ്റെ വൺലൈൻ തയ്യാറാക്കിയ ഉടൻ തന്നെ അതിൽ കാണിക്കേണ്ട കേക്കിനെ കുറിച്ചുളള അന്വേഷണങ്ങൾ തുടങ്ങിയിരുന്നതായി അഹാന പറയുന്നു. ദിവസങ്ങളോളം അതിനുവേണ്ടി സെർച്ച് ചെയ്തു, അന്വേഷിച്ചു, അലഞ്ഞു. ഒടുവിൽ തിരച്ചിലിൻ്റെ അവസാന ഘട്ടത്തിലാണ് 'ബൻഡ് ' കേക്കിൽ എത്തുന്നത്. ഒറ്റക്കാഴ്ചയിൽ തന്നെ അതുമായി പ്രണയത്തിലായി. അതിനു വേണ്ടിയാണ് താൻ അത്രനാളും അലഞ്ഞത് എന്ന യാഥാർഥ്യം അപ്പോഴാണ് തിരിച്ചറിയുന്നത്. തോന്നലിലെ യഥാർഥ താരത്തെ കണ്ടെത്തിയതോടെ അത് യാഥാർഥ്യമാക്കാനുള്ള ബെയ്‌ക്കർക്കു വേണ്ടിയുള്ള അന്വേഷണത്തിലായി.
മിയാസ് കപ്കേക്കറിയിലേക്കാണ് ആ യാത്ര എത്തിച്ചേർന്നത്. മുമ്പും മിയാസുമായി ചേർന്ന് വർക്ക് ചെയ്തിട്ടുണ്ട്. കേക്ക് നിർമാണത്തിൽ ടാലൻ്റും അർപണബോധവും അങ്ങേയറ്റം പ്രകടമാക്കുന്ന കൂട്ടത്തിലാണ് അവൾ. ജൂലായ് മാസത്തിൽ പണി തുടങ്ങി. ട്രയൽ ആൻ്റ് എറർ രീതിയിലായിരുന്നു നിർമാണം. ഒടുവിൽ രണ്ടോ മൂന്നോ ട്രയലിനുശേഷം ഞങ്ങൾ അതിൽ വിജയിച്ചു. തോന്നൽ കേക്കിൻ്റെ നിർമാണത്തിൽ ഒപ്പം നിന്നവർക്കെല്ലാം അഹാന നന്ദി പറയുന്നുണ്ട്, മിയാസിൻ്റെ പപ്പായ്ക്കും കുടുംബത്തിനും പ്രത്യേകിച്ചും. തോന്നൽ കേക്ക് അഥവാ ചോക്കലേറ്റ് സ്വേൾ കേക്ക് കഴിക്കണമെന്ന് തോന്നുന്നവർക്ക് മിയാസിനെ സമീപിക്കാം.
നാലുദിവസം മുമ്പാണ് അഹാന രചനയും സംവിധാനവും നിർവഹിച്ചതിനൊപ്പം ഷെഫിൻ്റെ വേഷത്തിലെത്തിയ തോന്നല് എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തത്. 24 ലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. നടൻ പൃഥ്വിരാജ് ഉൾപ്പെടെ നിരവധി പേരാണ് അഹാനയുടെ സംവിധാന മികവിനെ പ്രശംസിച്ച് രംഗത്ത് വന്നത്.