ചോക്കലേറ്റ് കേക്കിന് പിന്നാലെ 'തോന്നൽ' ടീ ഷർട്ടുമായി അഹാന
യൂട്യൂബിൽ തരംഗമായി മാറിയ തോന്നൽ എന്ന മ്യൂസിക് വീഡിയോയ്ക്കു പിന്നാലെ അതേ പേരിലുള്ള ബ്രാൻ്റഡ് ടീ ഷർട്ടുമായി അഭിനേത്രി അഹാന കൃഷ്ണ. നേരത്തേ, വീഡിയോയിൽ ചിത്രീകരിച്ച ചോക്കലേറ്റ് സ്വേൾ കേക്ക്, 'തോന്നൽ കേക്ക് ' എന്ന പേരിൽ വിപണിയിൽ ഇറക്കിയിരുന്നു. തിരുവനന്തപുരത്തുള്ള മിയാസ് കപ്കേക്കറിയുമായി സഹകരിച്ചാണ് കേക്ക് വിപണിയിൽ എത്തിച്ചത്.
തോന്നൽ വീഡിയോയ്ക്കും ചോക്കലേറ്റ് കേക്കിനും ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് ടീ ഷർട്ടുമായി വീണ്ടും രംഗത്തെത്താൻ താരത്തിന് പ്രചോദനമായത്. പ്രശസ്ത ക്ലോത്തിങ്ങ് ബ്രാൻ്റായ മൈ ഡെസിഗ്നേഷൻ ആണ് തോന്നൽ ടീ ഷർട്ട് വിപണിയിൽ എത്തിക്കുന്നത്. "വിശക്കുന്നതുപോലെ ഒരു തോന്നൽ" എന്ന വാക്കുകൾ ടീ ഷർട്ടിൽ പ്രിൻ്റ് ചെയ്തിട്ടുണ്ട്.
മൂന്നാഴ്ച മുമ്പാണ് അഹാന രചനയും സംവിധാനവും നിർവഹിച്ച് ഷെഫിൻ്റെ വേഷത്തിലെത്തിയ മ്യൂസിക് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ഗൃഹാതുരമായ രുചിയോർമകളാണ് വീഡിയോയുടെ ഇതിവൃത്തം. അഹാനയും തെന്നൽ അഭിലാഷുമാണ് മുഖ്യ വേഷത്തിൽ. നാൽപത് ലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. വീഡിയോയെ പ്രശംസിച്ച് നടൻ പൃഥ്വിരാജ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.