ലോകത്ത് മുന്നിൽ, സ്വന്തം നാട്ടിൽ പിന്നിൽ; സമാനതകളില്ലാത്ത ചരിത്രം രചിച്ച് ജയിംസ് ബോണ്ട് ചിത്രം

കളക്ഷൻ റെക്കോഡിൽ സമാനതകൾ ഇല്ലാത്ത ചരിത്രം രചിച്ച് 25-ാമത് ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'. ലോകമെമ്പാടുമായി 708 മില്യൺ ഡോളർ വാരിക്കൂട്ടി ഈ വർഷത്തെ നാലാമത്തെ ആഗോള പണം വാരിപ്പടമായി മാറിയെങ്കിലും ബ്രിട്ടണിലും അമേരിക്കയിലും കളക്ഷനിൽ ഏറെ പിന്നിലാണ് ഡാനിയൽ ക്രെയ്ഗ് നായകനായ അഞ്ചാമത്തെയും അവസാനത്തെയും ജെയിംസ് ബോണ്ട് ചിത്രം.

വിൻ ഡീസൽ നായകനായ എഫ്9 (721 മില്യൺ), ചൈനയുടെ ഹായ്, മോം (837 മില്യൺ), ചൈനയുടെ ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്‌ജിൻ (885 മില്യൺ) എന്നിവയ്‌ക്ക് പിന്നിലാണ് ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ നോ ടൈം ടു ഡൈ. 007-സീരീസിലുള്ള മൊത്തം ചിത്രങ്ങളുടെ വരുമാനത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് സിനിമയുള്ളത്. സ്‌പെക്‌ട്ര് (881ദശലക്ഷം), സ്കൈഫാൾ (1.108 ബില്യൺ) എന്നിവയാണ് വരുമാനത്തിൽ മുന്നിലുള്ളത്. മാറ്റ് ഡാമൻ്റെ ബോർണെ സീരീസിലെ മുഴുവൻ ചിത്രങ്ങളുടെയും റെക്കോഡ് പുതിയ ജെയിംസ് ബോണ്ട് ചിത്രം മറികടന്നു കഴിഞ്ഞു. അതേപോലെ വിൻ ഡീസലിൻ്റെ എക്സ് എക്സ് എക്സ്, മൈക്ക് മയേഴ്സിൻ്റെ ഓസ്റ്റിൻ പവേഴ്സ്, ടോം ക്രൂയിസിന്റെ മിഷൻ ഇംപോസിബിൾ സിനിമകളുടെ കളക്ഷൻ റെക്കോഡുകളും സിനിമ തിരുത്തിക്കുറിച്ചു.

എന്നാൽ ആഭ്യന്തരമായി 150 മില്യൺ ഡോളർ മാത്രമാണ് ചിത്രം നേടിയത്. യു കെയിലും യു എസിലുമായി ആഭ്യന്തര വിപണിയിൽ ബോണ്ട് ഫ്രാഞ്ചൈസി ചിത്രങ്ങളിൽ ഏറ്റവും കുറവ് ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രമാണിത്.

Related Posts