2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 49 പ്രതികളിൽ 38 പേർക്കും വധശിക്ഷ വിധിച്ച് പ്രത്യേക കോടതി

2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിൽ 49 കുറ്റവാളികളിൽ 38 പേർക്കും വധശിക്ഷ വിധിച്ച് പ്രത്യേക കോടതി. 80 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. 2008 ജൂലൈ 26-നാണ് രാജ്യത്തെ നടുക്കിയ സംഭവം ഗുജറാത്തിൽ അരങ്ങേറിയത്. 70 മിനിറ്റിനുള്ളിൽ അഹമ്മദാബാദ് നഗരത്തിലുണ്ടായ 21 ബോംബ് സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി എട്ടിന് കോടതി 49 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 28 പേരെ വെറുതെ വിട്ടു. ഒന്നര ദശാബ്ദത്തോളം പഴക്കമുള്ള കേസിന്റെ വിചാരണ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പൂർത്തിയാക്കിയത്.

നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) കീഴിലുള്ള ഇന്ത്യൻ മുജാഹിദ്ദീൻ (ഐഎം) എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് കേസിൽ പ്രതിസ്ഥാനത്ത്. 2002-ൽ ഗുജറാത്തിൽ നടന്ന ഗോധ്ര കലാപത്തിന് പ്രതികാരമായാണ് ഭീകരർ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നായിരുന്നു ആരോപണം. ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ള 78 പേർക്കെതിരെ 2009 ഡിസംബറിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഒരാൾ മാപ്പുസാക്ഷി ആയതോടെ പ്രതികളുടെ എണ്ണം 77 ആയി കുറഞ്ഞു.

Related Posts