അയിരൂർ പഞ്ചായത്ത് പേര് മാറ്റുന്നു; ഇനി മുതൽ 'അയിരൂർ കഥകളി ഗ്രാമം'

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിന്‍റെ പേര് മാറ്റുന്നു. ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. റവന്യൂ വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്ന് രേഖപ്പെടുത്തും. അയിരൂർ സൗത്ത് പോസ്റ്റ് ഓഫീസ് കഥകളി ഗ്രാമം പി ഒ എന്ന് അറിയപ്പെടും. കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന് ഏകദേശം രണ്ട് നൂറ്റാണ്ട് പഴക്കമുണ്ട്. കേരളത്തിലെ ഏക കഥകളി ഗ്രാമമാണ് അയിരൂർ. കഥകളിയുടെ മുൻകാല ചരിത്രത്തിന്‍റെ പാത പിന്തുടർന്ന് 1995 ൽ അയിരൂരിൽ കഥകളി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. 2006 മുതൽ ജനുവരി മാസത്തിൽ പമ്പയുടെ തീരത്ത് കഥകളി മേള നടക്കുന്നു. കഥകളിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നതിനാൽ കലാരൂപത്തിന്റെ പേര് ഒപ്പം ചേർക്കണമെന്ന് നാട് ആഗ്രഹിച്ചു.  2010-ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പേര് മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്. നാടിനെ കഥകളി ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്താണ്. തുടർന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളെ സമീപിച്ചു. വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേര് അംഗീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിനെ തുടർന്നാണ് പേരുമാറ്റത്തിന്‍റെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.

Related Posts