ഡൽഹിയിൽ വായു 'വളരെ മോശം'
രാജ്യ തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലേക്ക് താഴ്ന്നതായി സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്. ദിവസങ്ങളായി കനത്ത മൂടൽമഞ്ഞാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്-എ ക്യു ഐ) 339 ആണ്. രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയ ഈർപം ഏതാണ്ട് 93 ശതമാനമാണ്.
ഈർപത്തിൻ്റെ അളവ് വർധിക്കുന്നതു മൂലം മലിന വസ്തുക്കളുടെ ഭാരം വർധിക്കുന്നതായും ഇതുമൂലം വികിരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതായും സഫർ റിപ്പോർടിൽ പറയുന്നു. എ ക്യു ഐ പൂജ്യത്തിനും 50-നും ഇടയിൽ 'നല്ലത് ' ആണ്. 51-നും100-നും ഇടയിലുള്ളത് 'തൃപ്‌തികരം.' 101-നും 200-നും ഇടയ്ക്കുള്ളത് 'മിതമായത് ' എന്ന വിഭാഗത്തിലാണ് വരുന്നത്. 201-നും 300-നും ഇടയിലായാൽ 'മോശം' വിഭാഗത്തിലും 301-നും 400-നും ഇടയിൽ എത്തിയാൽ 'വളരെ മോശം' എന്നും രേഖപ്പെടുത്തും. 401-നും 500-നും ഇടയ്ക്കായാൽ 'ഗുരുതരം' ആയി കണക്കാക്കും.