'അവശ്യ സേവനങ്ങൾ പോലുമില്ല'; ഖുശ്ബുവിൻ്റെ ട്വീറ്റിൽ ക്ഷമാപണവുമായി എയർ ഇന്ത്യ
ചെന്നൈ: എയർ ഇന്ത്യയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി ഖുശ്ബു. കാൽമുട്ടിനേറ്റ പരിക്ക് കാരണം വീൽചെയറിനായി ചെന്നൈ വിമാനത്താവളത്തിൽ അരമണിക്കൂർ കാത്തിരിക്കേണ്ടിവന്നുവെന്ന് ഖുശ്‌ബു ട്വീറ്റ് ചെയ്തു. ട്വീറ്റ് വിവാദമായതോടെ എയർ ഇന്ത്യ ക്ഷമാപണവുമായെത്തി. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഖുശ്ബു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കാൽമുട്ടിനേറ്റ പരിക്ക് കാരണം തനിക്ക് വീൽചെയർ ആവശ്യമായിരുന്നെന്നും എന്നാൽ അത് ലഭിക്കാൻ വിമാനത്താവളത്തിൽ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നുവെന്നുമാണ് ട്വീറ്റിലുള്ളത്. കാൽമുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാൻ ആവശ്യമായ വീൽചെയർ പോലും നൽകാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മറ്റൊരു വിമാനക്കമ്പനിയിൽ നിന്ന് വീൽചെയർ കടം വാങ്ങിയാണ് തനിക്ക് വീൽചെയർ നൽകിയതെന്നും ഖുശ്ബു പറഞ്ഞു. എയർ ഇന്ത്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് എയർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് വൈറലായതോടെ എയർ ഇന്ത്യ ക്ഷമാപണവുമായെത്തി. ഉണ്ടായ മോശം അനുഭവത്തിൽ തങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എയർലൈൻ മറുപടി നൽകി.