എയര്‍ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല
ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസ് ഏറ്റെടുക്കും. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സൺസ് മുന്നിലെത്തിയതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ടെന്‍ഡര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു.
എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എയർ ഇന്ത്യയ സ്വന്തമാക്കുവാൻ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സ്വകാര്യവൽകരണം സംബന്ധിച്ചിച്ച് ലേലത്തിൽ പങ്കെടുത്ത രണ്ട് കമ്പനികളുമായും കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. സെപ്റ്റംബർ 29, 30 തീയതികളിലായിരുന്നു ചർച്ച. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപാം), ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ടാറ്റ ഗ്രൂപ്പ്, സ്പൈസ് ജെറ്റ് ചെയർമാൻ അജിത് സിങ് എന്നിവരുമായി ചർച്ചകൾ നടത്തിയത്.
സർക്കാർ നിശ്ചയിച്ച റിസർവ് തുകയേക്കാൾ 3000 കോടി അധികമാണ് ടാറ്റ സമർപ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമർപ്പിച്ചതിനേക്കാൾ 5000 കോടി അധികമാണെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ റിസർവ് തുക സംബന്ധിച്ച കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
6000 കോടിയാണ് എയർ ഇന്ത്യയുടെ കടം. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്‌സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.
കമ്പനി നൽകിയ താമസസൗകര്യങ്ങളിൽ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് എയർ ഇന്ത്യയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സ്വകാര്യവൽകരണത്തിന് ആറ് മാസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി നൽകിയിരിക്കുന്ന വിവിധ പാർപ്പിട സൗകര്യങ്ങളിൽ താമസിക്കുന്ന ജീവനക്കാർ ഒഴിഞ്ഞില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.