വിമാനയാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കണം; ജിസിസി കൗൺസിൽ മേധാവിയുമായി വിദേശകാര്യമന്ത്രി ചർച്ചനടത്തി
വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ നായിഫ് ഫലാഹ് മുബാറക് അൽ-ഹജ്‌റഫുമായി ചർച്ച നടത്തി. ഇന്ത്യയിൽനിന്നുള്ള വിമാനയാത്രയിലും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിലുമുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ അയവുവരുത്തണമെന്ന ആവശ്യം വിദേശകാര്യമന്ത്രി മുന്നോട്ടുവെച്ചു. ജിസിസി സെക്രട്ടറി ജനറലായി ചുമതലയേറ്റശേഷം അൽ-ഹജ്‌റഫിൻ്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ് നടക്കുന്നത്.
ഇന്ത്യ-ജിസിസി ബന്ധങ്ങളുടെ വിശദമായ അവലോകനം നടത്തിയെന്നും രാഷ്ട്രീയ, വ്യാപാര, നിക്ഷേപ സഹകരണത്തെപ്പറ്റി ചർച്ച ചെയ്തെന്നും ജയശങ്കർ ട്വീറ്റ് ചെയ്തു. ചരിത്രപരമായ ഇന്ത്യ-ജിസിസി ബന്ധം ഇരുനേതാക്കളും അവലോകനം ചെയ്തെന്നും പരസ്പര സഹകരണം മെച്ചപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെപ്പറ്റി എടുത്തു പറഞ്ഞ ജിസിസി സെക്രട്ടറി ജനറൽ, സാമ്പത്തിക വളർച്ചയിൽ ഇന്ത്യയുടെ പങ്കാളിയാകാൻ ആഗ്രഹിക്കുന്നതായി അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിക്കാലത്ത് പ്രവാസി സമൂഹത്തെ കരുതലോടെ പരിപാലിക്കുന്നതിൽ ജിസിസി രാജ്യങ്ങളോട് ജയശങ്കർ നന്ദി പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിൽ ഇന്ത്യ കൈവരിച്ച പുരോഗതി സെക്രട്ടറി ജനറലിനെ ധരിപ്പിച്ചു. പകർച്ചവ്യാധി ഉയർത്തുന്ന അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്നതിലുള്ള ഇന്ത്യ-ജിസിസി സഹകരണത്തിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.
ഊർജസുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകൾ നടന്നു. അടുത്ത ഇന്ത്യ-ജിസിസി ട്രോയിക്ക പൊളിറ്റിക്കൽ ഡയലോഗ് നേരത്തെ വിളിച്ചുകൂട്ടാനും ഇരുപക്ഷവും തീരുമാനിച്ചു. ഇന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും അൽ-ഹജ്‌റഫ് ചർച്ച നടത്തും.