ശൈത്യകാല സ്കൂൾ അവധി പ്രമാണിച്ച് ഉയർന്ന നിരക്കുമായി വിമാനക്കമ്പനികൾ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ക്രിസ്മസ്, ശൈത്യകാല അവധികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി. ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അടക്കുന്നതും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കും കണക്കിലെടുത്താണ് കേരള മേഖലയിലേക്കുള്ള സർവീസുകൾ നടത്തുന്ന എല്ലാ വിമാനക്കമ്പനികളും നിരക്ക് വർദ്ധിപ്പിക്കുന്നത്. കുറഞ്ഞ വിമാനക്കൂലിക്ക് പേരുകേട്ട സലാം എയർ പോലും ഡിസംബറിൽ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. നവംബറിലെ നിരക്കിനേക്കാൾ ഇരട്ടിയാണ് വിമാനക്കമ്പനികൾ സ്കൂൾ അവധിക്ക് ഈടാക്കുന്നത്. ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് 20 ദിവസമാണ് ക്രിസ്മസ്, ശൈത്യകാല അവധി ദിനങ്ങളായി ലഭിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കുടുംബങ്ങളും നാട്ടിലേക്ക് പോകാറുണ്ട്.