ഐശ്വര്യറായ് ബച്ചന് സമൻസ്; ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത് പനാമ പേപ്പേഴ്സ് വിവാദത്തിൽ

വിവാദമായ പനാമ പേപ്പറുമായി ബന്ധപ്പെട്ട് നടി ഐശ്വര്യറായ് ബച്ചന് സമൻസ് അയച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വൃത്തങ്ങൾ. നികുതി വെട്ടിപ്പിനായി വിദേശത്ത് സ്വത്ത് ഒളിപ്പിച്ച് നിക്ഷേപിച്ചെന്ന ആരോപണത്തിലാണ് 48 കാരിയായ അഭിനേത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി ഒരുങ്ങുന്നത്.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ്റെ മരുമകളും നടൻ അഭിഷേക് ബച്ചൻ്റെ ഭാര്യയുമായ മുൻ ലോക സുന്ദരിയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി നേരത്തേ ശ്രമിച്ചിരുന്നു. എന്നാൽ നടി കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

പന്ത്രണ്ടോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുകളാണ് പനാമ പേപ്പേഴ്സ് എന്ന പേരിൽ അറിയപ്പെടുന്നത്.

നികുതി, നിക്ഷപം ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് കാര്യങ്ങളിൽ ഉപദേശവും മാർഗ നിർദേശവും നൽകി സഹായിക്കുന്ന പനാമ ആസ്ഥാനമായുള്ള 'മൊസാക് ഫൊൻസേക'യുടെ വിവിധതരം സേവനങ്ങൾ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങൾ ജർമൻ ദിനപത്രം 'സ്വിദ്‌വദ് സെയ്തുങ്ങി'നു ചോർത്തി നൽകിയ അജ്ഞാതനാണ് ലോകത്തെ നടുക്കിയ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്.

ഉടനടി പ്രസിദ്ധീകരിക്കുന്നതിനു പകരം അന്വേഷണാത്മക പത്രപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സിനാണ് അജ്ഞാതൻ വിവരങ്ങൾ കൈമാറിയത്. എട്ടുമാസത്തിലേറെ നീണ്ട ഗവേഷണത്തിനു ശേഷമാണ് വിവരങ്ങൾ ലോകത്തെ പ്രമുഖ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

Related Posts