ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എങ്ങനെ നയിക്കണമെന്ന് രാഹുലിന് നന്നായി അറിയാം, അദ്ദേഹത്തെ അതിന് അനുവദിച്ചാൽ മതി; ബിസിസിഐയോട് അജയ് ജഡേജ
ഇന്ത്യൻ ക്രിക്കറ്റിനെ എങ്ങനെ നയിക്കണമെന്ന് ടീമിൻ്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ദ്രാവിഡിന് നന്നായി അറിയാമെന്ന് മുൻ കളിക്കാരൻ അജയ് ജഡേജ. അദ്ദേഹത്തെ അതിന് അനുവദിക്കണം എന്നാണ് ബിസിസിഐയോട് പറയാനുള്ളത്. മുൻ ക്യാപ്റ്റനെ അദ്ദേഹത്തിൻ്റെ വീക്ഷണത്തിനനുസരിച്ച് പ്രവർത്തിക്കാനും മികച്ച ടീമിനെ കെട്ടിപ്പടുക്കാനും അനുവദിക്കുകയാണ് വേണ്ടത്.
രാഹുൽ ഒരു റോൾ മോഡലാണ്. അച്ചടക്കത്തിൻ്റെ ഉത്തമ മാതൃകയാണ് അദ്ദേഹം. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ടീമംഗങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിക്കാനാവും. അച്ചടക്കത്തിൻ്റെയും അർപണ ബോധത്തിൻ്റെയും ഒരു മാതൃകയുണ്ടെങ്കിൽ അത് രാഹുൽ ദ്രാവിഡ് ആണെന്ന് ജഡേജ അഭിപ്രായപ്പെട്ടു. ഒരു പരിശീലകനിൽ നിന്ന് നാം ധാരാളം കാര്യങ്ങൾ പ്രതീക്ഷിക്കും. ആവശ്യമായ എല്ലാ ഗുണങ്ങളും രാഹുലിനുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും സ്വന്തം കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലകനായി ആരുവന്നിട്ടും കാര്യമില്ലെന്ന് ജഡേജ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി മുൻ ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്റ്ററുമായ രാഹുൽ ദ്രാവിഡിനെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. ടി20 ലോകകപ്പോടെ കാലാവധി അവസാനിക്കുന്ന രവി ശാസ്ത്രിയുടെ പിൻഗാമിയായാണ് രാഹുൽ ചുമതലയേൽക്കുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയോടെ ഇന്ത്യൻ ടീം പുതിയ പരിശീലകന് കീഴിൽ കളിച്ചുതുടങ്ങും.